കണ്ണൂർ: സ്വകാര്യ ബസുകൾ സ്റ്റോപ്പുകളിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതിയിൽ ഇത്തരം ബസുകൾക്കെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കുട്ടികളുമായുള്ള കളക്ടറുടെ പ്രതിവാര സംവാദ പരിപാടിയായ 'കളം' സദസ്സിൽ ഉയർന്ന പരാതിയിലാണ് തത്സമയ നടപടി.
വിദ്യാർത്ഥികളുടെ യാത്രാപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും ബസുകൾ കൃത്യമായി സ്റ്റോപ്പുകളിൽ നിർത്തി ആളുകളെ കയറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കളക്ടർ വ്യക്തമാക്കി. വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും.
