കണ്ണൂർ: റോഡപകടങ്ങൾ തടയുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമായി കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 111 കേസുകൾ രജിസ്റ്റർ ചെയ്തു. ഒക്ടോബർ 14 മുതൽ ഒക്ടോബർ 16 രാവിലെ വരെയാണ് സിറ്റി പൊലീസ് പരിധിയിൽ ശക്തമായ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരമായിരുന്നു വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ പരിശോധന. ഇതിൽ മദ്യപിച്ചുള്ള വാഹനമോടിക്കലിന് പുറമെ മറ്റ് ഗുരുതരമായ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നിയമലംഘനങ്ങളുടെ വിവരങ്ങൾ:
അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് 30 കേസുകൾ.
റോഡുകളിലും ഹൈവേകളിലും ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തതിന് 124 കേസുകൾ.
മറ്റ് മോട്ടോർ വാഹന നിയമലംഘനങ്ങൾക്കായി 618 കേസുകൾ.
നിയമലംഘനം നടത്തിയ ആകെ 88 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
രണ്ട് ഘട്ടങ്ങളിലായി നടന്ന പരിശോധനയിൽ ഒക്ടോബർ 14-ലെ ആദ്യഘട്ടത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 64 കേസുകളും, 55 വാഹനങ്ങൾ കസ്റ്റഡിയിലും, 13 പേർ അറസ്റ്റിലുമായി. ഒക്ടോബർ 15 രാവിലെ മുതൽ ഒക്ടോബർ 16 രാവിലെ വരെയുള്ള രണ്ടാം ഘട്ടത്തിൽ 47 കേസുകളും, 33 വാഹനങ്ങൾ കസ്റ്റഡിയിലും, 7 പേർ അറസ്റ്റിലുമായി.
വരും ദിവസങ്ങളിലും റോഡുകളിൽ പരിശോധന കർശനമായി തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുന്നതോടൊപ്പം അവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
