കണ്ണൂർ :മൃതദേഹങ്ങളോട് ഇത്രയും അനാദരവ് കാണിക്കുന്ന മറ്റൊരു കോർപറേഷൻ കേരളത്തിലില്ലെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് വ്യക്തമാക്കി. പയ്യാമ്പലം ശ്മശാനത്തിൻ്റെ നടത്തിപ്പിൽ കണ്ണൂർ കോർപറേഷൻ യുഡിഎഫ് ഭരണസമിതി തുടരുന്ന കടുത്ത അനാസ്ഥയ്ക്കെതിരെ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിനിടെയാണ് കമീഷൻ രൂക്ഷമായി പ്രതികരിച്ചത്.
ശ്മശാന നവീകരണത്തിന്റെ ഭാഗമായി ദിവസം 15 മൃതദേഹങ്ങൾ മാത്രം സംസ്കരിക്കുന്ന തരത്തിൽ ക്രമീകരിക്കുമെന്ന് കോർപറേഷനുവേണ്ടി ഹാജരായ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കമീഷനെ അറിയിച്ചു. എന്നാൽ അങ്ങനെയെങ്കിൽ ദിവസവും 15ൽ അധികം പേരെ ശ്മശാനത്തിലേക്ക് അയക്കരുതെന്ന് കാലന് ഇമെയിൽ അയക്കാമെന്ന് കമീഷൻ പരിഹസിച്ചു.
മനുഷ്യാവകാശ പ്രവർത്തകൻ ദേവദാസ് നൽകിയ പരാതി പരിഗണിച്ചപ്പോഴാണ് മനുഷ്യാവകാശ കമീഷൻ്റെ ഭാഗത്തുനിന്ന് അതിരൂക്ഷമായ പരാമർശങ്ങൾ ഉണ്ടായത്. പയ്യാമ്പലം ശ്മശാനത്തിലെ ശോച്യാവസ്ഥയും അന്ത്യകർമം ചെയ്യാനെത്തിയവർക്ക് ടോക്കൺ മാറി നൽകിയതിനെത്തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ശ്മശാനത്തിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പ്രശ്നങ്ങളും പരാതികളും ഉയർന്നിട്ടുണ്ട്.
ആവശ്യത്തിന് വിറകും ചിരട്ടയും ലഭ്യമാക്കാത്തതിനാൽ മൃതദേഹവുമായി എത്തിയവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ദുരവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത് ജീവനക്കാരും മൃതദേഹം ദഹിപ്പിക്കാനെത്തിയ ബന്ധുക്കളും തമ്മിൽ വാക്കേറ്റത്തിനും കൈയാങ്കളിക്കും വരെ വഴിവെച്ചിരുന്നു.
ആവശ്യത്തിന് ചിരട്ടയും വിറകും സ്റ്റോക്ക് ഉണ്ടാകുന്നില്ലെന്ന് ജീവനക്കാർ തന്നെ പരാതിപ്പെട്ടിട്ടും കോർപറേഷൻ ഭരണസമിതി ഇത് പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇത്തരം സംഭവങ്ങൾ വ്യക്തമായി വിലയിരുത്തിയാണ് മൃതദേഹങ്ങളോട് കാണിക്കുന്ന അനാസ്ഥ ചൂണ്ടിക്കാട്ടി കമീഷൻ കോർപറേഷൻ ഭരണസമിതിയെ രൂക്ഷമായി വിമർശിച്ചത്.
