സ്കൂളിൽ വെച്ച് അപകടത്തിൽപ്പെട്ട മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും വൈദ്യസഹായം ലഭ്യമാക്കിയില്ലെന്ന പരാതിയിൽ കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പാളിനും അധ്യാപികയ്ക്കുമെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് 21ന് സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ കുട്ടിയെ സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കാനോ ആവശ്യമായ പ്രാഥമിക ചികിത്സ ഉറപ്പാക്കാനോ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
