കണ്ണൂർ: ചരിത്രപ്രസിദ്ധമായ പയ്യാമ്പലം പൊതു ശ്മശാനം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് മേയർ അഡ്വ. പി. ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സർവ്വകക്ഷി യോഗത്തിൽ പദ്ധതിക്ക് പൂർണ്ണ പിന്തുണ. ജെമിനി ഗ്രൂപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ശ്മശാന നവീകരണത്തിന്റെ വിശദവിവരങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരണം യോഗത്തിൽ പ്രദർശിപ്പിച്ചു. നിലവിലെ സംസ്കാര ചടങ്ങുകൾ തടസ്സപ്പെടാത്ത രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുക.
നിർമ്മാണ വേളയിൽ വിറക്, ചിരട്ട എന്നിവയുടെ ഉപയോഗവും പുക മലിനീകരണവും പരമാവധി കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് യോഗത്തിൽ നിർദ്ദേശം ഉയർന്നു.
നവീകരണത്തിൽ പരമ്പരാഗത രീതിക്ക് പകരം ഇലക്ട്രിക് ശ്മശാനം ഏർപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ടായെങ്കിലും, തീരദേശ മേഖലയിലെ പ്രത്യേക സാഹചര്യവും മുൻപ് ഇവിടെ ഇലക്ട്രിക് ശ്മശാനം സ്ഥാപിച്ചപ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പരമ്പരാഗത സംസ്കരണ രീതി തന്നെ തുടരാൻ തീരുമാനിച്ചു. അതേസമയം, കോർപ്പറേഷന്റെ കീഴിലുള്ള ചേലോറ ശ്മശാനത്തിൽ ഇലക്ട്രിക് ശ്മശാനം ഏർപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കാൻ കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
മൃതദേഹ സംസ്കാരം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പ്രധാന ചുമതലയാണെന്ന് മേയർ ചൂണ്ടിക്കാട്ടി. അതിനാൽ കോർപ്പറേഷൻ പരിധിക്ക് പുറത്തുള്ള മൃതദേഹങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്മശാനങ്ങളിൽ സംസ്കരിക്കാൻ നടപടി സ്വീകരിച്ച് പയ്യാമ്പലത്തെ തിരക്ക് നിയന്ത്രിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി.കെ. മുഹമ്മദലി, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജെമിനി ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
