Zygo-Ad

ദീപാവലി തിരക്ക്: കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ


കണ്ണൂർ: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തൂത്തുക്കുടിയിലേക്കും തിരുവനന്തപുരത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്കും കൂടുതൽ പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. സൗത്ത് വെസ്റ്റേൺ റെയിൽവേയും ദക്ഷിണ റെയിൽവേയുമാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത്.

ബംഗളൂരു - കണ്ണൂർ സ്പെഷ്യൽ ട്രെയിൻ (06545) നവംബർ 7-ന് പുലർച്ചെ 12.05-ന് എസ്.എം.വി.ടി. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അന്നേ ദിവസം ഉച്ചയ്ക്ക് 2.00-ന് കണ്ണൂരിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും. മടക്കയാത്രയിൽ (06546) നവംബർ 7-ന് വൈകീട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നവംബർ 8-ന് രാവിലെ 9.45-ന് ബംഗളൂരുവിലെത്തും.

ബംഗളൂരു കന്റോൺമെന്റ് - തൂത്തുക്കുടി ട്രെയിൻ (06533) നവംബർ 6-ന് രാത്രി 9.45-ന് പുറപ്പെട്ട് നവംബർ 7-ന് ഉച്ചയ്ക്ക് 12.30-ന് തൂത്തുക്കുടിയിലെത്തും. മടക്ക സർവീസ് (06534) നവംബർ 7-ന് വൈകീട്ട് 3.30-ന് പുറപ്പെട്ട് നവംബർ 8-ന് പുലർച്ചെ 5.30-ന് ബംഗളൂരുവിലെത്തും.

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ഹസ്രത്ത് നിസാമുദ്ദീൻ സ്പെഷ്യൽ എക്സ്പ്രസ് (06073/06074) നവംബർ 2, 9, 16 തീയതികളിൽ തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2.00-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11.50-ന് നിസാമുദ്ദീനിലെത്തും. വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. മടക്കയാത്ര നവംബർ 5, 12, 19 തീയതികളിൽ വ്യാഴാഴ്ചകളിൽ രാവിലെ 5.45-ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകീട്ട് 4.30-ന് തിരുവനന്തപുരത്ത് എത്തും.

Previous Post Next Post