തളിപ്പറമ്പ്: ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത വസ്ത്രം തിരിച്ചയക്കുന്നതിനായി കസ്റ്റമർ കെയർ തിരഞ്ഞ പൂവം സ്വദേശിക്ക് തട്ടിപ്പിലൂടെ 5,78,813 രൂപ നഷ്ടമായി. മണിയരമുറ്റത്തെ കുമ്പക്കര വീട്ടിൽ ദിലീപ്കുമാറിനാണ് (54) ലക്ഷങ്ങൾ നഷ്ടപ്പെട്ടത്.
ഓർഡർ ചെയ്ത് ലഭിച്ച വസ്ത്രം പഴയതാണെന്ന് കണ്ടതിനെ തുടർന്ന് തിരിച്ചയക്കാനായി ഗൂഗിളിൽ തിരഞ്ഞാണ് ഇയാൾ ഫ്ലിപ്കാർട്ട് കസ്റ്റമർ കെയർ നമ്പർ കണ്ടെത്തിയത്. ഈ നമ്പറിലേക്ക് വീഡിയോ കോൾ വിളിച്ച് സംസാരിച്ചതോടെയാണ് തട്ടിപ്പ് നടന്നത്. സംസാരത്തിനിടയിൽ പ്രതികൾ ദിലീപ്കുമാറിന്റെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡിന്റെ പിൻ നമ്പറും ഒടിപിയും വാങ്ങുകയായിരുന്നു.
തുടർന്ന് പരാതിക്കാരന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓഗസ്റ്റ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി തുക തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
