Zygo-Ad

കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻ വിജയം


കണ്ണൂർ: കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും പോളിടെക്നിക് തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. ജില്ലയിലെ 54 കോളേജുകളിൽ 40 ഇടത്തും എസ്എഫ്ഐ വിജയം കൊയ്തു. കൂടാതെ 52 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനങ്ങളും എസ്എഫ്ഐ സ്വന്തമാക്കി.

പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചിൽ അഞ്ചു കേന്ദ്രങ്ങളിലും എസ്എഫ്ഐ എതിരില്ലാത്ത ആധിപത്യം സ്ഥാപിച്ചു. മട്ടന്നൂർ, നടുവിൽ, പയ്യന്നൂർ പോളികളിൽ മുഴുവൻ സീറ്റുകളും നേടിയപ്പോൾ കല്യാശേരി, തോട്ടട പോളികളിൽ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രചാരണത്തിനിടെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ക്യാമ്പസുകളിൽ ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം കൈവിട്ടുപോയ മട്ടന്നൂർ കോളേജ് വലിയ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ തിരികെ പിടിച്ചു. ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ യൂണിയനും എസ്എഫ്ഐ തിരിച്ചെടുത്തു. കെഎസ് യുവിന്റെ കരുത്തുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ തുടർച്ചയായ രണ്ടാം വർഷവും വിജയം നിലനിർത്താൻ സാധിച്ചതും ശ്രദ്ധേയമായി.

സർവകലാശാലയ്ക്ക് കീഴിലെ ആകെയുള്ള 77 കോളേജുകളിൽ 32 എണ്ണത്തിലും, കണ്ണൂർ ജില്ലയിലെ 96 കോളേജുകളിൽ 26 ഇടത്തും എസ്എഫ്ഐ എതിരില്ലാതെ നേരത്തെ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കണ്ണൂർ എസ്എൻ കോളേജ്, തലശേരി ഗവ. ബ്രണ്ണൻ കോളേജ്, പയ്യന്നൂർ കോളേജ്, പാലയാട് ക്യാമ്പസ്, കൂത്തുപറമ്പ് ഐച്ച്ആർഡി കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചപ്പോൾ എപിജെ അബ്ദുൽ കലാം കോളേജിലെ ആദ്യ യൂണിയനും എസ്എഫ്ഐ കരസ്ഥമാക്കി.

 

Previous Post Next Post