Zygo-Ad

വാഹനക്ഷാമം രൂക്ഷം: കണ്ണൂരിൽ അടിയന്തര പൊലീസ് സേവനങ്ങൾ വൈകാൻ സാധ്യത

 


കണ്ണൂർ: അടിയന്തര സന്ദേശങ്ങൾ ലഭിച്ചാൽ അതിവേഗം സ്ഥലത്തെത്തേണ്ട പൊലീസ് സംവിധാനം ജില്ലയിൽ കടുത്ത വാഹനക്ഷാമം നേരിടുന്നു. കണ്ണൂർ, തലശേരി, പാനൂർ കൺട്രോൾ റൂമുകൾക്കായി മുൻപ് അനുവദിച്ച ആറ് വാഹനങ്ങൾ കഴിഞ്ഞമാസം തിരുവനന്തപുരത്തേക്ക് തിരിച്ചുവിളിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

നിലവിൽ നാല് ലക്ഷത്തോളം കിലോമീറ്റർ ഓടിപ്പഴകിയ വാഹനങ്ങളാണ് പലയിടത്തും കൺട്രോൾ റൂം സേവനത്തിനായി ഉപയോഗിക്കുന്നത്. ചില പ്രദേശങ്ങളിൽ രണ്ട് സ്റ്റേഷനുകൾക്ക് ഒരു വാഹനം മാത്രമാണുള്ളത്. ഒരേസമയം ഒന്നിലധികം അടിയന്തര സംഭവങ്ങളുണ്ടായാൽ പത്ത് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തുകയെന്നത് പോലീസിന് അസാധ്യമായി മാറിയിരിക്കുന്നു.

തലശേരി, പാനൂർ കൺട്രോൾ റൂം പ്രവർത്തനം ചുരുക്കി

വാഹനക്ഷാമത്തിന് പുറമേ തലശേരി, പാനൂർ കൺട്രോൾ റൂമുകളുടെ പ്രവർത്തന സമയവും ചുരുക്കി. രാത്രികാലങ്ങളിൽ ഈ കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിലയ്ക്കുന്നതിനാൽ ജനങ്ങൾ കണ്ണൂർ കൺട്രോൾ റൂമിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തലശേരിയിൽ രാത്രി ഫോൺ വിളിച്ചാൽ പോലും എടുക്കാൻ ആളില്ലെന്ന് ആക്ഷേപമുണ്ട്.

ജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും പുതിയ വാഹനങ്ങൾ അനുവദിക്കണമെന്നും പൊലീസുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.

 

Previous Post Next Post