Zygo-Ad

കണ്ണൂരിൽ വീടിന്റെ അലമാരയിൽ നിന്ന് 21 പവൻ സ്വർണം കവർന്നു; 24 ലക്ഷത്തിന്റെ നഷ്ടം


കണ്ണൂർ തയ്യിൽ കുറുമ്പക്കാവിന് സമീപം ടി. പ്രസന്നയുടെ (61) വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തി ഒന്നേകാൽ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. മോഷണം പോയ സ്വർണ്ണാഭരണങ്ങൾക്ക് ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുമെന്ന് സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഈ മാസം 7-നും 19-നും ഇടയിലുള്ള ദിവസങ്ങളിലാണ് അലമാരയുടെ താക്കോൽ ഉപയോഗിച്ച് തുറന്ന് ആഭരണങ്ങൾ കവർന്നത്. അഞ്ച് പവന്റെ മാല, നാല് പവന്റെ വള, രണ്ടര പവന്റെ വള, രണ്ട് പവന്റെ ചെയിൻ, ഒരു പവന്റെ മോതിരം, മൂന്നര പവന്റെ നെക്ലേസ്, ഒന്നര പവന്റെ നെക്ലേസ്, ഒന്നേമുക്കാൽ പവന്റെ നെക്ലേസ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. സെപ്റ്റംബർ 20-ന് യാത്രപോകുന്നതിനായി അലമാര തുറന്ന് നോക്കിയപ്പോഴാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്.

വീട് റിപ്പയറിംഗിന്റെയും പെയിന്റിംഗിന്റെയും ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പെയിന്റിംഗ് തൊഴിലാളികൾ വീട്ടിലുണ്ടായിരുന്നു. സിറ്റി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സംശയമുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


Previous Post Next Post