കണ്ണൂർ: സംസ്ഥാന ടൂറിസം വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. ഓണാഘോഷം 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകിട്ട് 6.30-ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. ചടങ്ങിൽ അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ആഗസ്റ്റ് 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 5 മണി മുതൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ഓരോ ദിവസവും മെഗാ കലാപരിപാടികളും മികച്ച പ്രാദേശിക പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് 24-ന് വൈകിട്ട് 3.30-ന് തിരുവാതിരകളി മത്സരവും 5 മണിക്ക് ഗോത്ര കലാപരിപാടികളും നടക്കും. ഉദ്ഘാടനത്തിന് ശേഷം 7 മണിക്ക് ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് ഉണ്ടായിരിക്കും.
ആഗസ്റ്റ് 25 ചൊവ്വാഴ്ച പാർവ്വതി നായരുടെ ശാസ്ത്രീയ നൃത്തവും കണ്ണൂർ ഷെരീഫ് നയിക്കുന്ന ഗാനമേളയും നടക്കും. ആഗസ്റ്റ് 26 ബുധനാഴ്ച ഭാരത് ഭവൻ അവതരിപ്പിക്കുന്ന ഇതരസംസ്ഥാന കലാവിരുന്നിന്റെ ഭാഗമായി രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നാടോടി നൃത്തങ്ങളും തുടര്‍ന്ന് രസതന്ത്ര കോമഡി ആന്റ് ബാൻഡ് മെഗാ ഷോയും അരങ്ങേറും.
ആഗസ്റ്റ് 27 വ്യാഴാഴ്ച സിയാ ഉൾ ഹഖിന്റെ ഗസൽ സന്ധ്യയും ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും മ്യൂസിക്കൽ ബാൻഡും നടക്കും. ആഗസ്റ്റ് 28 വെള്ളിയാഴ്ച രാഹുൽ ആർ. ലക്ഷ്മൺ, അഖിൽ എ. എൽ എന്നിവരുടെ മ്യൂസിക്കൽ ഷോ, ലക്ഷ്മി കീർത്തനയുടെ ഡാൻസ് നൈറ്റ്, ഇന്ദുലേഖ വാര്യരുടെ മ്യൂസിക്കൽ ബാൻഡ് എന്നിവ ഉണ്ടാകും.
ആഗസ്റ്റ് 29 ശനിയാഴ്ച മോഹിനിയാട്ട നൃത്താവിഷ്കാരം, ഫാഷൻ ഷോ, ഫോക്ക് മെഗാ ഷോ, വാട്ടർ ഡ്രംസ് ഡിജെ നൈറ്റ് എന്നിവ അരങ്ങേറും. ആഗസ്റ്റ് 30 ഞായറാഴ്ച കലാമണ്ഡലം അഭിജോഷിന്റെ ചാക്യാർകൂത്തിന് ശേഷം 7 മണിക്ക് സമാപന സമ്മേളനവും തുടർന്ന് അൽഫോൻസ് ജോസഫ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റോടെയും ആഘോഷങ്ങൾ സമാപിക്കും.
