Zygo-Ad

രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടതായി ആരോപണം; കളക്ടർക്ക് പരാതി നൽകും


കണ്ണൂർ: ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശിയും നീന്തൽ പരിശീലകനുമായ രാജേഷിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടതായി ഗുരുതര ആരോപണം. ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ് അനൂപ് വി.എയാണ് തഹസിൽദാർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ആംബുലൻസ് സൗകര്യമൊരുക്കാൻ 25,000 രൂപ വേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ആംബുലൻസ് തങ്ങൾ തന്നെ ക്രമീകരിക്കാമെന്ന് റാഫ്റ്റിംഗ് ടീം അറിയിച്ചെങ്കിലും, പണം നേരിട്ട് നൽകിയാൽ മതിയെന്നായിരുന്നു തഹസിൽദാറുടെ മറുപടിയെന്ന് അനൂപ് പറഞ്ഞു. തുടന്ന് ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10,000 രൂപ കൈമാറുകയും, ഈ തുക പിന്നീട് പഞ്ചായത്ത് മെമ്പർ തിരികെ നൽകുകയും ചെയ്തതായി അനൂപ് വ്യക്തമാക്കി. സംഭവം സ്ഥിരീകരിച്ച് ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്റണിയും രംഗത്തെത്തിയിട്ടുണ്ട്. തഹസിൽദാർക്കെതിരെ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകാനാണ് റിവർ റാഫ്റ്റിംഗ് സൊസൈറ്റിയുടെ തീരുമാനം.

അനൂപിന്റെ വാട്ടർ റെപ്പല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യുന്നതിനായുള്ള ജോലികൾക്കായാണ് രാജേഷ് ചെറുപുഴയിലെത്തിയത്. അതേസമയം, ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി തഹസിൽദാർ രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ആംബുലൻസ് വാടക കണ്ടെത്തുന്നതിനായി ആദ്യഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്നും, ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും പണത്തിന്റെ കാര്യം ചോദിച്ചതെന്നുമാണ് തഹസിൽദാറുടെ വിശദീകരണം.




Previous Post Next Post