കണ്ണൂർ: പയ്യാമ്പലം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസും ബസും അടിച്ചു തകർത്ത കേസിൽ തമിഴ്‌നാട് സേലം സ്വദേശിയായ മുരുകേശൻ പിടിയിലായി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ എസ്. കൈലാസ്‌നാഥിന്റെ നിർദേശപ്രകാരം എസ്.ഐ. ടി.എം. വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഒരു ഭാഗത്തെ ചില്ലുകൾ പ്രതി പൂർണമായി തകർക്കുകയായിരുന്നു. ബസിനുള്ളിൽ കല്ലുകളും കണ്ടെത്തിയിരുന്നു. ഇതിനുപുറമേ വി.എച്ച്.എസ്.ഇ ഓഫീസിന്റെ വാതിൽ ചില്ലുകളും ഇയാൾ തകർത്തു.
രാവിലെ ജീവനക്കാർ സ്കൂളിലെത്തിയപ്പോഴാണ് തകർത്ത വിവരം ശ്രദ്ധയിൽപെട്ടത്. തുടർന്ന് പ്രധാന അധ്യാപകൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതാണ് പ്രതിയെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്.
