കണ്ണൂർ പാപ്പിനിശ്ശേരി പുഴയുടെ വിവിധ ഭാഗങ്ങളിൽ വട്ടത്തോണി ഉപയോഗിച്ച് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിവന്ന അനധികൃത മത്സ്യബന്ധനം അധികൃതർ പിടികൂടി. പാപ്പിനിശ്ശേരി പാറക്കടവ് ഭാഗത്ത് വട്ടത്തോണി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഫിഷറീസ് വകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മത്സ്യബന്ധനം കഴിഞ്ഞെത്തിയ വട്ടത്തോണിയും വലയും കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത തോണിക്കോ വലയ്ക്കോ ആവശ്യമായ ലൈസൻസോ രജിസ്ട്രേഷനോ ഉണ്ടായിരുന്നില്ല.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ അരുൺ സുരേഷ്, അഖിൽ ആർ.എസ്, സംഗീത എ.കെ, ഓഫീസർമാരായ അലീന ജോസ്, അബ്ദുള്ള എന്നിവരും മറൈൻ ഇൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഷംസുദ്ദീൻ, പ്രജോഷ്, ശ്രീരാജ്, ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ റെസ്ക്യൂ ഗാർഡുമാർ, വളപട്ടണം പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കൃത്യമായ രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ ആരും ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടാൻ പാടില്ലെന്ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
