കണ്ണൂർ :തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽ പദ്ധതിയുടെ പുതുക്കിയ രൂപരേഖ ഇ. ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. സമിതി നിലവിൽ ഈ നിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തിവരികയാണ്. അടുത്ത ആഴ്ച തന്നെ ഇത് സംബന്ധിച്ച റിപ്പോർട്ട് സമിതി സർക്കാരിന് സമർപ്പിച്ചേക്കും. സിയാൽ (CIAL) മാതൃകയിൽ കമ്പനി രൂപീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ ധനസമാഹരണം നടത്തണമെന്നാണ് ഇ. ശ്രീധരൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
പദ്ധതിയുടെ ആകെ ചെലവ് 60,000 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനം തുക അതായത് 24,000 കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ കണ്ടെത്താനാകും. ബാക്കി തുകയിൽ 18,360 കോടി രൂപ കേന്ദ്ര സർക്കാരും 17,640 കോടി രൂപ സംസ്ഥാന സർക്കാരും വഹിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത യാഥാർഥ്യമാകുന്നതോടെ യാത്രാസമയം മൂന്നര മണിക്കൂറായി കുറയും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (DMRC) പദ്ധതിയായാണ് സർക്കാർ ഇതിനെ പരിഗണിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി ഉന്നയിച്ച നൂറിലധികം ചോദ്യങ്ങൾക്ക് ഡൽഹി മെട്രോ വ്യക്തത വരുത്തി നൽകിയ മറുപടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് ലഭിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് അനുയോജ്യമായതും ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരാത്തതുമായ ഈ പദ്ധതി സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നാണ് ഇ. ശ്രീധരന്റെ നിലപാട്. ഈ പദ്ധതി അംഗീകരിച്ച് മുന്നോട്ട് പോകാനാകുമോ എന്ന കാര്യത്തിൽ വിദഗ്ധ സമിതി ഉടൻ തന്നെ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകും.
