Zygo-Ad

മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍: ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്തു ഗുരുതര വീഴ്ച്ചയുണ്ടായി; ആവശ്യമില്ലാത്ത ട്രീറ്റമെന്റിനാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത് - വിദഗ്ധ സമിതി അംഗം


പയ്യന്നൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നാണ് സമിതിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തലെന്ന് വിദഗ്ധ സമിതി അംഗമായ ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ കെ അജിത് കുമാര്‍.

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണത്തിലാണ് അജിത്കുമാര്‍ പ്രതികരിച്ചത്. കുഞ്ഞിനു ആറു മണിക്കൂറോളം സമയം ചികിത്സയൊന്നും നല്‍കിയിരുന്നില്ല. 

അപ്പോള്‍ വലിയ ബ്ലീഡിങ്ങില്ലെന്ന് വ്യക്തമാണ്. ഇത്ര ചെറിയ പരിക്കിന് ജനറല്‍ അനസ്തീഷ്യ വേണ്ടെന്ന നിഗമനത്തിലാണ് സമിതി എത്തിയത്. ആവശ്യമില്ലാത്ത ട്രീറ്റമെന്റിനാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തതെന്നും വിദഗ്ധ സമതി വിലയിരുത്തിട്ടുണ്ട്.

ജനറല്‍ അനസ്തീഷ്യ കാരണം അപകടം ഉണ്ടായാല്‍ അതിനെ മറികടക്കാന്‍ ഉള്ള സൗകര്യം ആ ആശുപത്രിയില്‍ വേണമായിരുന്നു. 

ആ സൗകര്യം ഇല്ലാത്തത് കൊണ്ടാണല്ലോ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയത്. അങ്ങനെ സൗകര്യമില്ലാത്ത ആശുപത്രിയില്‍ ഇങ്ങനെ ഒരു അനസ്തീഷ്യ കൊടുക്കേണ്ട കാര്യമുണ്ടോയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ കെ അജിത് കുമാര്‍ പ്രതികരിച്ചു.

ആശുപത്രിയില്‍ ഈ സൗകര്യമില്ലെന്നു കണ്ടെത്തിയെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ കെ അജിത് കുമാര്‍ വിശദമാക്കി. ആറു മണിക്കൂറാകുമ്പോളേക്കും മുറിവ് സുഖപ്പെട്ടു തുടങ്ങുമെന്ന് വ്യക്തമായിരിക്കെ ആ ചെറിയ മുറിവിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതില്ല. 

അനസ്തീഷ്യ നല്‍കി ചികിത്സിക്കാന്‍ മറ്റു ചില താല്പര്യങ്ങള്‍ ഉണ്ടോയെന്നു സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും ഇങ്ങനെ ഒരു ചികിത്സ പ്രോട്ടോകോള്‍ ഡോക്ടര്‍മാര്‍ക്ക് ആരാണോ കൊടുത്തത് അവരെ കൂടി കണ്ടെത്തണം. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് പൊലീസിന് കൈമാറുമെന്നും ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ കെ അജിത് കുമാര്‍ വിശദമാക്കി.

അതേസമയം ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ നാടകീയ രംഗങ്ങളുണ്ടായി. ഏഴ് പേരെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. 

ഇതില്‍ മൂന്ന് പേരെ മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുവദിച്ചുള്ളൂ. കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി ആളുകളെ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താത്തെതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ പ്രതികരിച്ചത്.

അതേസമയം കേസില്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നതായി ആശങ്കയുണ്ടെന്ന് കുടുംബം പ്രതികരിച്ചു. മെഡിക്കല്‍ ബോര്‍ഡിലെ ഇടപെടലുകള്‍ ഇതിന്റെ സൂചനയാണെന്നും കുടുംബം പ്രതികരിച്ചു. 

നീതിയുക്തമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അതേസമയം ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യ മരിച്ചത് അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ചെറിയ മുറിവിന് അനസ്‌തേഷ്യയുടെ ആവശ്യമില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അനസ്‌തേഷ്യ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തു, ചികിത്സാ പിഴവില്ലെന്നാണ് ഡോക്ടറുടെ മൊഴി. മുറിവ് തുന്നാനായി അനസ്തീഷ്യ അനിവാര്യമായിരുന്നുവെന്ന് ഡോക്ടര്‍ അഞ്ജലി പൊതുവാളിന്റെ മൊഴി.

ജനറല്‍ അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് തലച്ചോറില്‍ ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജനറല്‍ അനസ്തീഷ്യ നല്‍കിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലും താടിയിലുമുള്ള മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ചുണ്ടിലും താടിയിലും പരിക്കേറ്റ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യക്ക് അനസ്തീഷ്യ നല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്.

 അനസ്‌തേഷ്യ നല്‍കി 10 മിനിട്ടിനകം, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെയാണ് കുട്ടി ബോധരഹിതനായതും അഞ്ച് ദിസത്തിന് ശേഷം മരിച്ചതും. അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Previous Post Next Post