Zygo-Ad

പയ്യന്നൂരില്‍ പൊലീസിനെ ബോംബ് എറിഞ്ഞ കേസിൽ സിപിഎം കൗണ്‍സിലര്‍ വികെ നിഷാദിന് മൂന്നാം തവണയും പരോള്‍


പയ്യന്നൂർ: പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗണ്‍സിലർ വി കെ നിഷാദിന് പരോള്‍.

ഹൈക്കോടതിയാണ് നിഷാദിന് പരോള്‍ അനുവദിച്ചത്. അഞ്ച് ദിവസത്തേക്കാണ് നിഷാദിന് കോടതി അടിയന്തര പരോള്‍ അനുവദിച്ചത്. മാതാവിന്റെ ചികിത്സാർത്ഥമാണ് പരോള്‍ അനുവദിച്ചത്.

2025 നവംബർ 25-നാണ് വി കെ നിഷാദിനെ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരുമാസം കഴിഞ്ഞ് ഡിസംബർ 26-ന് പരോള്‍ ലഭിച്ച്‌ പുറത്തിറങ്ങി. പരോള്‍ 2026 ജനുവരി 11 വരെ നീട്ടി. തുടർന്ന് വീണ്ടും 15 ദിവസത്തേക്ക് കൂടി പരോള്‍ നീട്ടിയിരുന്നു.

 ഇതോടെ ഒരു മാസം ജയിലില്‍ കിടന്ന നിഷാദിന് ഒരു മാസം പരോളും ലഭിച്ചു. അച്ഛന്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് നിഷാദ് ആദ്യം പരോളിന് അപേക്ഷിച്ചത്. പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പരോളിന് അപേക്ഷിച്ചത്.

 ഫെബ്രുവരിയില്‍ ഏഴ് ദിവസത്തേക്ക് പരോള്‍ ലഭിച്ചു. പരോളിലായിരുന്നപ്പോള്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ വി കുഞ്ഞികൃഷ്ണനെതിരായ സിപിഐഎമ്മിന്റെ പ്രകടന പരിപാടിയില്‍ നിഷാദ് പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കൊമ്മല്‍വയലില്‍ നിന്നും ജനവിധി തേടിയാണ് നിഷാദ് വിജയിച്ചത്. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമായിരുന്നു കേസിലെ വിധിവന്നത്. 

അതിനാല്‍ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിലാണ് കേസില്‍ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലില്‍ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Previous Post Next Post