Zygo-Ad

കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർ ക്ഷാമം; 120 തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു

 


കണ്ണൂർ: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. താലൂക്ക് ആശുപത്രികൾ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലായി നിലവിൽ 120 ഡോക്ടർ തസ്തികകളാണ് ഒഴിവുകിടക്കുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ദൈനംദിന ചികിത്സകളെയും മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നതായി കെജിഎംഒഎ (KGMOA) വ്യക്തമാക്കി.

വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടും തസ്തികകൾ സൃഷ്ടിക്കാനോ ഒഴിവുകൾ നികത്താനോ അധികൃതർ തയ്യാറായിട്ടില്ലെന്നും സംഘടന ആരോപിച്ചു. തസ്തികകൾ നികത്താത്തത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചികിത്സാ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഉടൻ നിയമനം നടത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് കാണിച്ച് കെജിഎംഒഎ കണ്ണൂർ ഡിഎംഒയ്ക്ക് കത്ത് നൽകി.




Previous Post Next Post