കണ്ണൂര്‍: 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കില്‍ 25 ഗ്രാം കുറവ്. അഞ്ചരക്കണ്ടി കല്ലായിയിലെ ടി.പി.ആസിഖ് നല്‍കിയ പരാതിയില്‍ നിര്‍മാതാക്കളായ പാര്‍ലെ ബിസ്‌കറ്റ് കമ്പനിയും വില്പനക്കാരായ മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് 50,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.
2024 ജൂലായ് 26-നാണ് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് പരാതിക്കാരന്‍ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാര്‍ലെ 20-20 ബിസ്‌കറ്റ് വാങ്ങിയത്.
സമീപത്തെ കടയില്‍ തൂക്കിയപ്പോള്‍ 125 ഗ്രാം മാത്രമാണെന്ന് മനസ്സിലായതോടെ കമ്മിഷനെ സമീപിക്കുക ആയിരുന്നു. കമ്മിഷന്‍ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി.സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
അതേസയം പരാതിക്കാരന്‍ ഹാജരാക്കിയ പായ്ക്കറ്റ് തങ്ങള്‍ നിര്‍മിച്ചതല്ലായിരിക്കാമെന്നും ഉത്പന്നങ്ങള്‍ പൂര്‍ണമായും യന്ത്ര സഹായത്തോടെയാണ് നിര്‍മിക്കുന്നതെന്നും പാര്‍ലെ കമ്പനി വാദിച്ചു. എന്നാല്‍ തങ്ങള്‍ വിറ്റത് പാര്‍ലെ കമ്പനിയുടെ ഉത്പന്നമാണെന്ന് മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മതിച്ചു. തൂക്കക്കുറവിന്റെ ഉത്തരവാദിത്വം നിര്‍മാതാവിനാണെന്നും നിലപാടെടുത്തു.
രേഖകളും ലീഗല്‍ മെട്രോളജി റിപ്പോര്‍ട്ടും പരിശോധിച്ച കമ്മിഷന്‍ ഉത്പന്നം പാര്‍ലെയുടെതാണെന്നും അളവില്‍ കുറവുള്ള ഉത്പന്നം വിറ്റത് വീഴ്ചയാണെന്നും വിലയിരുത്തി.
വില്‍പ്പനക്കാരനും ഒഴിഞ്ഞു മാറാനാകില്ലെന്നും നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലെ 25,000 രൂപയും മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.
കമ്പനി 10,000 രൂപയും ഹൈപ്പര്‍മാര്‍ക്കറ്റ് 5000 രൂപയും കോടതിച്ചെലവായും നല്‍കണം. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച് ഒരുമാസത്തിനകം തുക നല്‍കാനാണ് ഉത്തരവ്. അല്ലാത്ത പക്ഷം ഉത്തരവിട്ട തീയതി മുതല്‍ 12 ശതമാനം പലിശ നല്‍കേണ്ടി വരുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. പരാതിക്കാരനു വേണ്ടി അഡ്വ. കെ.പി.മുഹമ്മദ് സിനാന്‍ ഹാജരായി.
