Zygo-Ad

ചെമ്പിലോട് ഗ്രാമപഞ്ചായത്തിന് കേന്ദ്ര സർക്കാരിന്റെ ദേശീയ അംഗീകാരം

 


ഗ്രാമസഭ നടത്തിപ്പിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് കൈവരിച്ച മികച്ച നേട്ടം രാജ്യം മുഴുവൻ മാതൃകയാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് രാജ്യത്തെ ഏറ്റവും മികച്ച എട്ട് പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്തായി ചെമ്പിലോടിനെ തിരഞ്ഞെടുത്തത്. പൊതുജനങ്ങളുടെ സമഗ്ര ക്ഷേമവും പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഉറപ്പാക്കുന്നതിൽ ചെമ്പിലോട് കാണിച്ച മികവാണ് ഈ നേട്ടത്തിന് അർഹമാക്കിയത്. ഗ്രാമസഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും കേരളം ഏറെ മുന്നിലാണെന്ന് കേന്ദ്ര റിപ്പോർട്ട് വ്യക്തമാക്കുന്നു.

വ്യത്യസ്തമായ ഒട്ടനവധി സ്പെഷ്യൽ ഗ്രാമസഭകൾ ചെമ്പിലോട് പഞ്ചായത്തിൽ വിജയകരമായി സംഘടിപ്പിച്ചു വരുന്നുണ്ട്. ജൂൺ 5 ലെ പരിസ്ഥിതി ദിന ഗ്രാമസഭ, ഏപ്രിൽ 24 ലെ ദേശീയ പഞ്ചായത്തീരാജ് ദിന ഗ്രാമസഭ, ജനുവരി 26 ന്റെ ഭാഗമായുള്ള മേരി ഗാവ് മേരി ദരോഹർ, ആഗസ്റ്റ് 15 ലെ പ്രത്യേക ഗ്രാമസഭ എന്നിവയ്ക്ക് പുറമേ ഭിന്നശേഷിക്കാർ, കർഷകർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക ഗ്രാമസഭകളും ഇവിടെ നടക്കാറുണ്ട്. ഈ ഗ്രാമസഭകളുടെ വിവരങ്ങളെല്ലാം കേന്ദ്ര സർക്കാർ പോർട്ടലുകളായ നിർണയ, സഭാ സാർ എന്നിവയിൽ കൃത്യമായി ലഭ്യമാക്കുന്നുണ്ട്.

വാർഷിക പദ്ധതി അവലോകനം, സേവനാവകാശം, സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ പട്ടിക അംഗീകരിക്കൽ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ അജണ്ടയാക്കിയാണ് ഗ്രാമസഭകൾ ചേരുന്നത്. കെ ദാമോദരൻ പ്രസിഡന്റും സി പ്രസീത വൈസ് പ്രസിഡന്റുമായിരുന്ന കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിലെ മികച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഈ വലിയ അംഗീകാരത്തിന് പഞ്ചായത്തിനെ അർഹമാക്കിയത്.

 

Previous Post Next Post