പയ്യന്നൂരിലെ ബിഎംഎസ് നേതാവായിരുന്ന അന്നൂരിലെ സി കെ രാമചന്ദ്രനെ വധിച്ച കേസിൽ തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പി പ്രേമരാജനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനെത്തുടർന്നാണ് ഈ നിയമനം. കാസർക്കോട് കൊടക്കാട് സ്വദേശിയായ പ്രേമരാജൻ സുഹാസ് വധക്കേസ്, മുഴപ്പിലങ്ങാട്ടെ സൂരജ് വധക്കേസ് എന്നിവയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. കേന്ദ്ര സർക്കാരിന്റെ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന് വേണ്ടിയും അദ്ദേഹം കോടതികളിൽ ഹാജരാകാറുണ്ട്.
രണ്ട് വർഷം മുമ്പ് രാമചന്ദ്രന്റെ ഭാര്യ രജനി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി മുൻ സർക്കാരിനോട് നിർദേശിച്ചിരുന്നെങ്കിലും അന്ന് ഫയൽ നീങ്ങിയിരുന്നില്ല.
2016 ജൂലൈ 11നാണ് വെള്ളൂർ അന്നൂരിൽ ഭാര്യയും മക്കളുമൊത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സി കെ രാമചന്ദ്രനെ അക്രമിസംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിൽ ഭാര്യ രജനിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും പ്രവർത്തകരുമായ ടി സി വി നന്ദകുമാർ, വി റിജു, പി ഗിരീഷ്, കെ റനീഷ്, പി ശ്രീജിത്ത്, കെ പി പ്രശോഭ്, സി വി രഹിനേജ്, വി കെ നിഷാദ് എന്നിവരാണ് ഈ കേസിലെ പ്രതികൾ.
