പയ്യന്നൂർ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി.
എരമം സ്വദേശിയായ രണ്ടുവയസ്സുകാരനെ നില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയ്ക്കിടെ കുട്ടി വേദനയെടുത്തു കരഞ്ഞതോടെ ഡോക്ടർമാർ അനസ്‌തേഷ്യ നല്‍കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അനസ്‌തേഷ്യ നല്‍കിയ ഉടൻ തന്നെ കുട്ടി ബോധരഹിതനായി.
ആശുപത്രി അധികൃതർ കുട്ടിയ്ക്ക് അമിത അളവില്‍ അനസ്‌തേഷ്യ നല്‍കിയതാണ് നില വഷളാകാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം, ചികിത്സാപ്പിഴവ് ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നും, ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി ആവശ്യമായ പരമാവധി ചികിത്സ നല്‍കിയിട്ടുണ്ടെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
അനസ്‌തേഷ്യ ഏത് ഡോസില്‍ നല്‍കിയാലും അതില്‍ ചില ആരോഗ്യപരമായ റിസ്കുകള്‍ ഉണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
