കണ്ണൂർ: വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ 38-ാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ടുണ്ടായ ദുരൂഹതകള്‍ നീങ്ങി.
റവന്യൂ, പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കല്ലറയ്ക്കുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു.
പള്ളിയുടെ ഔദ്യോഗിക രേഖകളില്‍ പറയുന്ന 2006ലും 2015ലുമായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്‌ടങ്ങള്‍ മാത്രമാണ് കല്ലറയിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ 13നാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. പള്ളിയിലെ 38-ാം നമ്പർ കല്ലറയില്‍ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി സ്ലാബ് മാറ്റിയപ്പോള്‍ ഉള്ളില്‍ അസ്വാഭാവികമായ രീതിയില്‍ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
എന്നാല്‍, 2015ല്‍ അടക്കം ചെയ്തത ജയിംസ് എന്നയാളുടെ ശവപ്പെട്ടി ദ്രവിച്ചു പോവുകയും, അതിലുണ്ടായിരുന്ന മൃതദേഹാവശിഷ്‌ടങ്ങള്‍ പുറത്തേക്ക് വന്നതുമാണ് പുതിയൊരു അവശിഷ്‌ടം കൂടിയുണ്ടെന്ന സംശയത്തിന് ഇടയാക്കിയതെന്ന് ഫോറൻസിക് പരിശോധനയില്‍ വ്യക്തമായി.
സാധാരണ ഗതിയില്‍ ഒരേ കല്ലറയില്‍ വീണ്ടും സംസ്കാരം നടത്തുമ്പോള്‍ പഴയ അവശിഷ്‌ടങ്ങള്‍ മാറ്റി മരപ്പൊടിയിട്ട് പട്ടുവിരിച്ച ശേഷമാണ് പുതിയ പെട്ടി വെക്കാറുള്ളത്. എന്നാല്‍ ഇവിടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടന്നതാണ് ആശയക്കുഴപ്പം സൃഷ്‌ടിച്ചത്.
പള്ളി രേഖകള്‍ പ്രകാരം 2006ല്‍ അടക്കം ചെയ്ത മറിയക്കുട്ടി, 2015ല്‍ അടക്കം ചെയ്‌ത ജയിംസ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഈ കല്ലറയിലുള്ളത്.
