Zygo-Ad

കണ്ണൂര്‍ ചിറക്കല്‍ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം കനത്ത മഴയിലും കാറ്റിലും തകര്‍ന്ന് വീണു


കണ്ണൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ചിറക്കല്‍ ചാമുണ്ഡി കോട്ടത്തിൻ്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്ന് വീണു. ശനിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് ഒരു മാസം മുൻപ് നിർമ്മിച്ച പൈതൃക മണ്ഡപത്തിൻ്റെ ഓടിട്ട മേല്‍ക്കൂര ഉഗ്രശബ്‌ദത്തോടെ നിലം പൊത്തിയത്.

 കനത്ത മഴയും കാറ്റുമാണ് മണ്ഡപം തകരാൻ ഇടയായതെന്ന് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് സുരേഷ് വർമ്മ പറഞ്ഞു.ക്ഷേത്ര കമ്മിറ്റി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മണ്ഡപം നിർമ്മിച്ചത്.

അപകട സമയത്ത പരിസര പ്രദേശത്ത് ആരുമില്ലാത്തത് വൻ ദുരന്തമൊഴിവാക്കി. മേല്‍ക്കൂര ഉള്‍പ്പെടെ പൈതൃക മണ്ഡപം ഉഗ്രശബ്‌ദത്തോടെ തകർന്നു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചിറക്കല്‍ ചിറയുടെ തീരത്താണ് പൈതൃക മണ്ഡപം സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലെ ക്ഷേത്ര നഗരങ്ങളിലൊന്നാണ് ചിറക്കല്‍. 

ചിറക്കല്‍ രാജവംശത്തിൻ്റെ കൊട്ടാരം, ചെറുശേരി കൃഷ്ണഗാഥയെഴുതിയ ശ്രീകൃഷ്ണ ക്ഷേത്രം, ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ജലാശയങ്ങളിലൊന്നായ ചിറക്കല്‍ ചിറ, ഫോക് ലോർ അക്കാദമി, ചാമുണ്ഡി കോട്ടം ക്ഷേത്രം തുടങ്ങിയവ ചിറക്കല്‍ ചിറയുടെ പരിസരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

 ചിറക്കല്‍ ചിറയുടെ നവീകരണം നടന്നതോടെ നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഈ ക്ഷേത്ര നഗരിയിലെത്തി ചേരുന്നത്. നിരവധി സാംസ്കാരിക, അധ്യാത്മിക പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് പൈതൃക മണ്ഡപം.

Previous Post Next Post