Zygo-Ad

നടപ്പാതയിലെ സുരക്ഷിത സഞ്ചാരം മൗലികാവകാശം പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

 


ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കുകയെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു. നടപ്പാതയ്ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും സംരക്ഷിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മുന്‍സിപ്പല്‍ അധികൃതര്‍ക്കും ബാധ്യതയുണ്ടെന്ന് പുതിയ നിയമത്തില്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഭരണഘടനയുടെ മൂന്നാം ഭാഗം പ്രകാരം നടക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. അനുച്ഛേദം 19ലെ വിവിധ ഉപവകുപ്പുകള്‍, അനുച്ഛേദം 21 എന്നിവ ഉറപ്പുനല്‍കുന്ന സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണിത്. കൃത്യമായി വേര്‍തിരിച്ച നടപ്പാതകള്‍ കാല്‍നടയാത്രക്കാരുടെ അവകാശ പരിധിയില്‍ വരും. ഈ അവകാശങ്ങള്‍ക്കാണ് പ്രാഥമിക പരിഗണന നല്‍കേണ്ടത്. മോട്ടോര്‍ വാഹനങ്ങളുടെ സഞ്ചാരത്തേക്കാള്‍ മുന്‍ഗണന കാല്‍നടയാത്രയ്ക്ക് നല്‍കണമെന്ന് ജസ്റ്റിസുമാരായ പിഎസ് നരസിംഹ, അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഒരു റോഡുണ്ടെങ്കില്‍ അവിടെ കാല്‍നടയാത്രക്കാര്‍ക്കായി കൃത്യമായി വേര്‍തിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് നഗര വികസന അതോറിറ്റികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവരുടെ ഉത്തരവാദിത്തമാണ്. നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടാല്‍ പൗരന്മാര്‍ക്ക് നഷ്ടപരിഹാരത്തിനും അവകാശം പുനഃസ്ഥാപിച്ചു കിട്ടാനായി ഭരണഘടനാപരവും നിയമപരവുമായ മാര്‍ഗങ്ങള്‍ തേടാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ അഞ്ചു വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട മോട്ടോര്‍ അപകട ക്ലെയിം കേസിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി ഉണ്ടായത്. പിതാവിനൊപ്പം സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയെ പിന്നില്‍ നിന്നെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്ന റോഡില്‍ നടപ്പാതയോ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വാഹനങ്ങളില്‍ സഞ്ചരിക്കാനുള്ള അവകാശത്തേക്കാള്‍ മുന്‍പുള്ളതാണ് നടക്കാനുള്ള പ്രാഥമിക അവകാശം. കാല്‍നടയാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നത് വിചിത്രമാണ്. മോട്ടോര്‍ വാഹനങ്ങള്‍ക്ക് അനുയോജ്യമായ റോഡുകള്‍ നിര്‍മ്മിക്കുന്നതിലാണ് നമ്മുടെ സര്‍ക്കാരുകളും അധികൃതരും ശ്രദ്ധ കേന്ദ്രീകരിച്ചത്. വാഹനങ്ങളുടെ വരവോടെ കാല്‍നടയാത്രക്കാര്‍ റോഡുകളില്‍ നിന്ന് പൂര്‍ണമായി പാര്‍ശ്വവത്കരിക്കപ്പെട്ടു. വാഹനാപകടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ മരിക്കുന്നത് പതിവായി മാറുന്ന സാഹചര്യം അവസാനിക്കണമെന്നും കോടതി വ്യക്തമാക്കി.

ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പൊതുസ്ഥലങ്ങള്‍ എല്ലാവര്‍ക്കുമായി തുല്യമായി വീതിക്കപ്പെടണം. ഇന്ത്യന്‍ സംസ്‌കാരത്തിലും രാഷ്ട്രീയത്തിലും നടത്തത്തിന് വലിയ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ പല ആശയങ്ങളും രൂപപ്പെട്ടത് നടത്തത്തിലൂടെയാണ്. ആ അര്‍ത്ഥത്തില്‍ നടത്തം എന്നത് വെറുമൊരു ചലനമല്ല, അത് ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംഘടിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.

 

Previous Post Next Post