കണ്ണൂർ: റെയില്‍വേ ഓട്ടോ സർവീസ് പദ്ധതി ഏറ്റെടുത്തിട്ടും കണ്ണൂർ സ്റ്റേഷനിലെത്തുന്ന രാത്രികാല യാത്രക്കാർ പെരുവഴിയില്‍ തന്നെ.
ട്രെയിൻ യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം നിലച്ച സാഹചര്യത്തിലാണ് റെയില്‍വേ ഓട്ടോറിക്ഷ സർവീസ് പദ്ധതി ആരംഭിച്ചത്.
260 ഓട്ടോകള്‍ക്ക് റെയില്‍വേ പെർമിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും രാത്രിയില്‍ വെറും അറുപത് ഓട്ടോകള്‍ മാത്രമാണ് സർവീസ് നടത്തുന്നത്.
എന്നാല്‍ ഇതിലും കുറവ് ഓട്ടോകള്‍ മാത്രമാണ് സ്ഥിരമായി സർവ്വീസ് നടത്താൻ എത്തുന്നത്. ഇതോടെ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്ന യാത്രക്കാർ റെയില്‍വേ സ്റ്റേഷന്റെ പുറത്ത് നില്‍ക്കുന്ന ഓട്ടോറിക്ഷകള്‍ പിടിക്കാൻ നിർബന്ധിതരാവുകയാണ്.
പുറത്ത് നിരവധി ഓട്ടോകളുണ്ടെങ്കിലും ഇവയില്‍ എല്ലാവർക്കും കയറാൻ പറ്റില്ലെന്നാണ് പറയുന്നത്. ഇന്റർവ്യൂ നടത്തി ദൂരസ്ഥലങ്ങളിലേക്ക് മാത്രമാണ് പോകുന്നത്.
പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരെ മാത്രമാണ് ഈ ഓട്ടോറിക്ഷകള്‍ കയറ്റാറുളളതെന്നാണ് പരാതി. സ്ത്രീകള്‍, പ്രായമായവർ, കുഞ്ഞുങ്ങളൊപ്പമുള്ളവർ തുടങ്ങി എല്ലാവരോടും ഇന്റർവ്യൂ ഉണ്ടാകും. ഭൂരിഭാഗം ഓട്ടോകളും നഗര പരിധിയില്‍ ഓട്ടം പോകാൻ തയ്യാറാവില്ല.
രാത്രി ഒൻപതിന് ശേഷമാണ് ഈ ദുരനുഭവം. ഇനി നഗരത്തില്‍ എവിടേക്കെങ്കിലും യാത്ര ചെയ്യണമെങ്കില്‍ തന്നെ തോന്നിയ ചാർജാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരാള്‍ 600 രൂപ ഓട്ടോ ചാർജ് പറഞ്ഞുറപ്പിച്ച ശേഷം യാത്ര തുടരുകയും ഇറങ്ങാനായപ്പോള്‍ 1200 രൂപ വേണമെന്നാണ് ഡ്രൈവർ പറഞ്ഞു.
തുടർന്ന് 1000 രൂപ യാത്രക്കാരന് നല്‍കേണ്ടി വന്നു. ചോദ്യം ചെയ്താല്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തും വിധമാണ് കാര്യങ്ങളെന്നും പറയുന്നു. അടുത്തിടെ ഒരു യാത്രക്കാരൻ കണ്ണൂർ ടൗണ്‍ സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കിയ ശേഷം പൊലീസ് ഇടപെട്ടാണ് അയാള്‍ക്ക് പോകാനുള്ള ഓട്ടോ സൗകര്യം ഏർപ്പെടുത്തിയത്.
പരാതിയുണ്ട്, പരിഹാരമില്ല
കണ്ണൂർ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് രാത്രിയില്‍ അനധികൃതമായി ഓട്ടോകള്‍ പാർക്ക് ചെയ്യുന്നതിരെയും അമിതമായ യാത്രാ ചാർജ്ജ് ഈടാക്കുന്നതിനെതിരെയും യാത്രക്കാർ ടൗണ്‍ സ്റ്റേഷനില്‍ നിരന്തരം പരാതി നല്‍കിയിട്ടും പൊലീസ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് യാത്രക്കാരില്‍ നിന്നും വ്യാപക പരാതിയുണ്ട്.
റെയില്‍വേ അധികൃതരും എസ്.പിയുടെയും ടൗണ്‍ സ്റ്റേഷൻ ഇൻസ്‌പെക്ടറുടെയും ശ്രദ്ധയില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ നടപടിയൊന്നുമുണ്ടായിട്ടില്ല. ഓട്ടോറിക്ഷക്കാരുടെ യാത്രക്കാരോടുള്ള മോശം സമീപനത്തെ കുറിച്ചും പരാതികള്‍ സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ പ്രധാന ആവശ്യങ്ങള്‍
അനധികൃത പാർക്കിംഗും ഓട്ടോക്കാരുടെ കൊള്ളലാഭവും അവസാനിപ്പിക്കാൻ പൊലീസ് ഇടപെടണം.
റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ഓട്ടോ സർവീസ് രാത്രിയിലും കാര്യക്ഷമമായി പ്രവർത്തിക്കണം.
ഓട്ടോറിക്ഷകളുടെ എണ്ണം വർദ്ധിപ്പിക്കണം.
