കണ്ണൂർ: കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ (ജൂൺ 09, ചൊവ്വാഴ്ച) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അധികൃതർ അറിയിച്ചു.
