കണ്ണൂർ: ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയത്തിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പ്ലൈനിന് നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് മേയർ ടി ഇന്ദിര.
ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള സ്ഥാപനമാണ് ജില്ലാ ആശുപത്രി. അവിടേക്കുള്ള ജലലഭ്യത ഉൾപ്പെടെ ഉറപ്പാക്കേണ്ടത് ജില്ലാ പഞ്ചായത്താണ്. അതിന് കഴിയാത്തപക്ഷം ആശുപത്രി കോർപറേഷന് വിട്ടുതരട്ടെയെന്നും മേയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈയിടെ ഉദ്ഘാടനം ചെയ്‌ത കെട്ടിടത്തിൽ വെള്ളമെത്തിക്കുന്നതിന് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപി ക്കുന്നതിന് കോർപറേഷൻ അനുമതി വൈകിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു വാർത്താ സമ്മേളനം. അനുമതി വൈകുന്നതിനാൽ കെട്ടിടത്തിന് അഗ്നിരക്ഷാ സേനയുടെ എൻഒസി ലഭ്യമായിട്ടില്ല.
കെട്ടിടം എടുക്കും മുമ്പേ ജല വിതരണം ജില്ലാ പഞ്ചായത്ത് ഉറപ്പാക്കേണ്ടായിരുന്നു. ജല അതോറിറ്റി കോർപഷേനിലെ പല റോഡുകളും വെട്ടിപ്പൊളിച്ച ശേഷം പൂർവ സ്‌ഥിതിയിലാക്കുന്നതിൽ വീഴ്‌ച വരുത്തിയിട്ടുണ്ട്.
കോർപറേഷൻ സ്ഥാപിച്ച കുടിവെള്ള ടാങ്കാണ് സംഗീത തിയറ്റർ പരിസരത്തുള്ളത്. ഈ ടാങ്കിൽ നിന്നാണ് കോർപറേഷനിലെ ഏതാനും വാർഡുകളിൽ ജല വിതരണം. ഇവർക്കു തന്നെ ദിവസവും വെള്ള മെത്തിക്കാനാകാത്ത സ്ഥിതിയുണ്ട്.
പ്രദേശത്തെ ജനങ്ങൾക്ക് മുഴുവൻ ദിവസങ്ങളിലും ജലലഭ്യത ഉറപ്പാക്കാതെ പൈപ്പ് ലൈൻ സ്ഥാപിന ക്കാൻ അനുമതി നൽകാനാകില്ലെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ പി താഹിറും സ്‌ഥിരം സമിതി അധ്യക്ഷരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
