കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ വളക്കൈയിലെ അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിയായ രോഗിക്ക് വിജയകരമായി മാറ്റിവച്ചു.
കണ്ണൂർ ആസ്റ്റർ മിംസിലായിരുന്നു ഉത്തര മലബാറിലെ ആദ്യ കഡാവറിക് ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ. ദീർഘകാല രോഗം മൂലം കടുത്ത സാമ്പത്തിക പ്രയാസത്തിലായ മുപ്പത്തിയേഴുകാരനാണ് അർജുന്റെ വൃക്കയിലൂടെ പുതുജീവിതമായത്.
അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ യാണ് ദൗത്യം പൂർത്തിയാക്കിയത്. അവയവ മാറ്റത്തിനായുള്ള സർക്കാർ സംവിധാനമായ കെ സോട്ടോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരി ക്കുകയായിരുന്നു യുവാവ്.
അമ്മ മാത്രം ആശ്രയമായുള്ള യുവാവിന് അർജുന്റെ കുടുംബത്തിൻ്റെ തീരുമാനം ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനാണ് വഴിയൊരുക്കുന്നത്.
അർജുനിൽ നിന്ന് വൃക്കയെടുത്ത മെഡി ക്കൽ സംഘം തന്നെയാണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പൂർത്തിയാക്കിയത്. അഞ്ച് മണിക്കൂറെടുത്തു.
ടി എസ് അവിനാശ്, സത്യേന്ദ്രൻ നമ്പ്യാർ, എസ് ഗോവിന്ദ്, ബിജോ യ് ആന്റണി, സാരംഗ് വിജയൻ, വി ആർ പ്രദീപ്, സുപ്രിയ രഞ്ജിത്, അനീഷ് ലക്ഷ്മണൻ, വന്ദന എന്നിവരടങ്ങിയ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
പൂർണ ആരോഗ്യവാനായ രോഗി അടുത്ത ദിവസം ആശുപത്രി വിടുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
വളക്കൈ മാടത്താനിക്കുന്നിലെ ഗണേശൻ-തങ്കമണി ദമ്പതികളുടെ മകനാണ് ഇരുത്തി മൂന്നുകാരനായ അർജുൻ. മെയ് 27ന് രാത്രി വളക്കൈ പാലത്തിനു സമീപമായിരുന്നു വാഹനാപകടം. അർജുൻ സഞ്ചരിച്ച ബൈക്കിൽ പിക്കപ് വാൻ ഇടിക്കുകയായിരുന്നു.
കണ്ണൂർ ആസ്‌റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 31ന് മസ്‌തിഷ്ക മരണം സംഭവിച്ചു. അർജുൻ്റെ മറ്റൊരു വൃക്കയും ഹൃദയവും കരളും കൊച്ചിയിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ മറ്റു മൂന്നു പേർക്കും പുതുജീവനേകി.
