Zygo-Ad

ഉത്തര മലബാറിൽ ആരോഗ്യ മേഖല പ്രതിസന്ധിയിൽ; 350 ഡോക്ടർമാരുടെ ഒഴിവ്: മൂന്ന് ജില്ലകളിൽ ഡിഎംഒമാരില്ല


കണ്ണൂർ: മഴക്കാല പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും ഉത്തര മലബാറിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് എന്നീ മൂന്ന് പ്രധാന ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

 ഡെങ്കിപ്പനി, ഷിഗല്ല എന്നിവയ്ക്ക് പുറമെ കോഴിക്കോട്ട് നിപാ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അനാസ്ഥ. മൂന്ന് ജില്ലകളിലുമായി നിലവിൽ മുന്നൂറ്റമ്പതിലധികം ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്.

കണ്ണൂരിൽ ഡിഎംഒ ആയിരുന്ന പിയൂഷ് നമ്പൂതിരിപ്പാട് സ്ഥലം മാറിയതിനെ തുടർന്ന് ഡെപ്യൂട്ടി ഡിഎംഒ കെ ടി രേഖയ്ക്കായിരുന്നു താൽക്കാലിക ചുമതല. എന്നാൽ ഇവർക്ക് വയനാട് ഡിഎംഒ ആയി നിയമനം ലഭിച്ചതോടെ കണ്ണൂർ വിടേണ്ടി വന്നു.

 നിലവിൽ ഡെപ്യൂട്ടി ഡിഎംഒ കെ സി സച്ചിനാണ് താൽക്കാലിക ചുമതല നിർവ്വഹിക്കുന്നത്. ഇവിടെയുള്ള മൂന്ന് ഡെപ്യൂട്ടി ഡിഎംഒ തസ്തികകളിൽ ഒരെണ്ണം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

കണ്ണൂർ ജില്ലയിൽ മാത്രം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ 130 ഡോക്ടർമാരുടെ കുറവുണ്ട്. ഇതിൽ അമ്പതോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളും 56 അസിസ്റ്റന്റ് സർജന്മാരുടെ ഒഴിവുകളും ഉൾപ്പെടുന്നു. ജില്ലയിലെ 23 ആശുപത്രികളിൽ ചീഫ് മെഡിക്കൽ ഓഫീസർമാരില്ല. 

തലശ്ശേരി ജനറൽ ആശുപത്രിയിൽ ആർഎംഒ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും എട്ടു വീതം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവുണ്ട്.

കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ബി സന്തോഷിനാണ് നിലവിൽ ഡിഎംഒയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. 

ജില്ലാ നഴ്സിങ് ഓഫീസർ തസ്തികയിലും സ്ഥിരം നിയമനമില്ല. കാസർഗോഡ് ജില്ലയിൽ ആകെ 125 ഡോക്ടർമാരുടെ കുറവാണുള്ളത്. പിഎസ്സി വഴി നിയമനം ലഭിക്കുന്നവർ കാസർഗോഡ് ജില്ലയിൽ തുടരാൻ മടിക്കുന്നതാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധി.

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലെ ഒപിയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത് നിലവിലുള്ള ഡോക്ടർമാരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു.

 മുൻ വർഷങ്ങളിൽ ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഡോക്ടർമാർക്ക് പുറമെ നഴ്സുമാർ, ഫാർമസി ജീവനക്കാർ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരുടെ തസ്തികകളും വലിയ തോതിൽ ഒഴിഞ്ഞുകിടക്കുകയാണ്.

Previous Post Next Post