Zygo-Ad

പാപ്പിനിശ്ശേരി പുതിയതെരു ദേശീയപാതയിൽ ടാറിംഗ് വൻ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു

 


കണ്ണൂർ: പാപ്പിനിശ്ശേരി പുതിയതെരു ദേശീയപാതയിൽ ടാറിംഗ് പ്രവൃത്തി പുനരാരംഭിച്ചതോടെ മേഖലയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രോഗികളുമായി പോയ ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയത്. ഇതോടെ വിദ്യാർത്ഥികൾ, വിവിധ ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്തവർ, വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകാനിറങ്ങിയവർ എന്നിവർ കടുത്ത ബുദ്ധിമുട്ട് നേരിട്ടു.

വ്യാഴാഴ്ച ഉച്ചയോടെയാണ് ടാറിംഗ് പ്രവൃത്തികൾ പുനരാരംഭിച്ചത്. തളിപ്പറമ്പ് ഭാഗത്തേക്കുള്ള പാതയിൽ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ കടത്തിവിട്ടെങ്കിലും കുരുക്ക് നിയന്ത്രണാതീതമായി മാറുകയായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ തളിപ്പറമ്പ് ഭാഗത്തുനിന്ന് വന്ന ചില ബസുകൾ പാപ്പിനിശ്ശേരിയിൽ വെച്ച് സർവീസ് അവസാനിപ്പിച്ചു മടങ്ങി. തുടർന്ന് നിരവധി യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങി നടന്നും പ്രതിഷേധം രേഖപ്പെടുത്തിയും മുന്നോട്ട് നീങ്ങി.

പാപ്പിനിശ്ശേരി വളപട്ടണം പുതിയതെരു റോഡ് കഴിഞ്ഞ പത്ത് വർഷമായി അറ്റകുറ്റപ്പണികളില്ലാതെ തകർന്ന നിലയിലായിരുന്നു. ഈ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായാണ് ഇപ്പോൾ ടാറിംഗ് പ്രവൃത്തി ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കെ.വി. സുമേഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ജില്ലാ ഭരണകൂടവും ദേശീയപാത അധികൃതരും കരാർ കമ്പനിയും ചേർന്നാണ് റോഡ് നവീകരണത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചത്.


 

Previous Post Next Post