Zygo-Ad

തൃക്കലശാട്ട് നടന്നു; മുതിരേരിവാൾ തിരിച്ചെഴുന്നള്ളിച്ചതോടെ കൊട്ടിയൂർ വൈശാഖോത്സവത്തിന് സമാപനം

 


കൊട്ടിയൂർ: മലബാറിലെ പ്രശസ്തമായ കൊട്ടിയൂർ വൈശാഖോത്സവത്തിന് ഭക്തിനിർഭരമായ സമാപനമായി. 27 ദിവസം നീണ്ടുനിന്ന ഉത്സവ ചടങ്ങുകളാണ് തൃക്കലശാട്ടോടെ പൂർത്തിയായത്. ബുധനാഴ്ച രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്ന് ശ്രീകോവിൽ പിഴുത് തിരുവൻചിറയിൽ നിക്ഷേപിച്ചതോടെയാണ് സമാപന ചടങ്ങുകൾക്ക് തുടക്കമായത്. കലശമണ്ഡപത്തിൽ നിന്ന് മണിത്തറയിലേക്ക് ഓടകൾ കൊണ്ട് പ്രത്യേക പാതയൊരുക്കിയ ശേഷമായിരുന്നു പ്രധാന ചടങ്ങുകൾ.

തുടർന്ന് പ്രധാന തന്ത്രിമാർ പൂജിച്ച കളഭകുംഭങ്ങൾ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മണിത്തറയിൽ എത്തിച്ച് സ്വയംഭൂവിൽ അഭിഷേകം ചെയ്തു. ഇതിനുശേഷം സമൂഹ പുഷ്പാഞ്ജലിയും പൂർണ്ണ പുഷ്പാഞ്ജലിയും നടന്നു. ആടിയ കളഭവും പ്രസാദവും ഭക്തർക്ക് വിതരണം ചെയ്തതിനെ തുടർന്ന് തിടപ്പള്ളിയിൽ വെച്ച് പരമ്പരാഗതമായ തണ്ടുമ്മൽ ഊണ് ചടങ്ങും ഭക്തിപൂർവ്വം നിർവ്വഹിച്ചു.

തുടർന്ന് മൂഴിയൊട്ടില്ലത്ത് സുരേഷ് നമ്പൂതിരി ആദിപരാശക്തിയുടെ പ്രതീകമായ മുതിരേരിവാൾ മുതിരേരിക്കാവിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകവും നടന്നു. ഭണ്ഡാരം ഇക്കരെക്ക് തിരിച്ചെഴുന്നള്ളിച്ച ശേഷം പ്രധാനതന്ത്രിയുടെ നേതൃത്വത്തിൽ യാത്രബലി നടത്തി. പാമ്പറപ്പാൻ തോട് വരെ കർമ്മങ്ങൾ പൂർത്തിയാക്കി തന്ത്രി തിരിഞ്ഞുനോക്കാതെ മടങ്ങിയതോടെ വൈശാഖോത്സവ ചടങ്ങുകൾക്ക് ഔദ്യോഗികമായി സമാപ്തിയായി.

ഇനി വറ്റടി എന്ന ചടങ്ങ് മാത്രമാണ് അക്കരെ സന്നിധിയിൽ അവശേഷിക്കുന്നത്. ജന്മശാന്തി പടിഞ്ഞീറ്റയും ഉഷകാമ്പ്രവും അക്കരെയിലെത്തി സ്വയംഭൂവിനെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത് നിവേദ്യം അർപ്പിച്ചു മടങ്ങും. ഇതോടെ മനുഷ്യസ്പർശമില്ലാതെ അക്കരെ സന്നിധാനം ഇനി അടുത്ത 11 മാസക്കാലം നിശ്ശബ്ദതയിലാകും. തുടർന്ന് ബലിബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് നിത്യപൂജകൾ ആരംഭിച്ചു.

 

Previous Post Next Post