Zygo-Ad

കണ്ണൂര്‍ വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി: സുരക്ഷാ ഏജന്‍സികള്‍ വ്യാപക പരിശോധന നടത്തി.


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഇ മെയില്‍ വഴി ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യാപക പരിശോധന നടത്തി.

പരിശോധനകള്‍ക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിമാനത്താവളത്തിന്റെയും രണ്ട് എയര്‍ലൈന്‍ കമ്പനികളുടെയും ഔദ്യോഗിക ഇ മെയില്‍ വിലാസങ്ങളിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളം ബോംബ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുമെന്നും വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശത്തിലെ പരാമര്‍ശം.

 തുടര്‍ന്ന് വിമാനത്താവള പരിസരത്തും സര്‍വീസിലുള്ള വിമാനങ്ങളിലുമടക്കം സുരക്ഷാ പരിശോധന ശക്തമാക്കി. ബോംബ് സ്‌ക്വാഡിന്റെയും മറ്റു സുരക്ഷാ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

സംഭവത്തില്‍ മട്ടന്നൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിമാനത്താവള അസിസ്റ്റന്റ് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട്, കേരള പോലിസ് ആക്‌ട് എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. 

ഭീഷണി സന്ദേശം അയച്ച വ്യക്തിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു. ഇ മെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സാങ്കേതിക സഹായവും തേടിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Previous Post Next Post