യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന എടയന്നൂരിലെ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് തലശേരി അഡീഷണൽ സെഷൻസ് കോടതി മുൻപ് പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് എ ബദറുദ്ദീന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി നേരത്തെ പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്. എന്നാൽ ഈ ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് പ്രതികൾക്ക് ജാമ്യത്തിൽ തുടരാൻ അനുമതി നൽകി. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടുത്തുള്ള എടയന്നൂരിൽ വെച്ച് ഷുഹൈബ് വെട്ടേറ്റ് മരിക്കുന്നത്.
