പിലാത്തറ: പിലാത്തറയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് പത്തൊമ്പതുകാരനായ യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്നാസ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6:50 ഓടെ പിലാത്തറ സ്റ്റീൽ ലൈനിന് സമീപമായിരുന്നു അപകടം സംഭവിച്ചത്.
പിലാത്തറ ഭാഗത്ത് നിന്നും മാതമംഗലത്തേക്ക് സ്കൂട്ടിയിൽ പോവുകയായിരുന്നു അജ്നാസ്. എതിർദിശയിൽ നിന്നും വന്ന ബൈക്കുമായി സ്കൂട്ടി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ അജ്നാസിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് യാത്രികനായ കണ്ടോന്താർ സ്വദേശി മോഹനന് (54) പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിലാത്തറ മർവ്വ ട്രാവൽസ് ഉടമ എം കെ ഗഫൂറിന്റെയും കെ പി റുബൈലയുടെയും മകനാണ് അന്തരിച്ച അജ്നാസ്. റബിയ, അഫ്നാൻ എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12:30ന് പിലാത്തറ ഭാരത് റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണിയറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
