Zygo-Ad

ജയിക്കുമെന്ന പ്രതീക്ഷയിലോ ജയിക്കാനോ അല്ല മത്സരിച്ചത്, സ്വതന്ത്രൻ എന്ന നിലയില്‍ മുന്നോട്ട് പോകും, യുഡിഎഫിന്റെ നിലപാടിനൊപ്പം നില്‍ക്കും: വി കുഞ്ഞികൃഷ്ണന്‍


കണ്ണൂർ: കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് പയ്യന്നൂരില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍.

എന്നാല്‍ പാർട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയുമാണ് ചെയ്തത്. സിപിഐഎമ്മിന് അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല. 

അടിയൊഴുക്ക് ശക്തമായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജയിക്കുമെന്ന പ്രതീക്ഷയിലോ ജയിക്കാനോ അല്ല മത്സരിച്ചത്. എന്നാല്‍ മത്സര രംഗത്ത് ഇറങ്ങിയപ്പോള്‍ അനുകൂലമായ ഒരു സാഹചര്യം ഉണ്ടായെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസില്‍ എത്തിയത് തന്റെ ചുമതല കൂടിയാണ്. സിപിഐഎം നടത്തുന്ന ആക്ഷേപം താൻ കോണ്‍ഗ്രസ്‌ ആയി എന്നാണ്. 

താൻ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു. അതുകൊണ്ട് പ്രചാരണങ്ങള്‍ ഒന്നും ഏശിയില്ല. സ്വതന്ത്രൻ എന്ന നിലയില്‍ മുന്നോട്ട് പോകും. യുഡിഎഫിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

പാർട്ടി തെറ്റ് തിരുത്തുമോ എന്ന് അറിയില്ല. തെറ്റ് തിരുത്താൻ സന്നദ്ധത പ്രകടിപ്പിച്ചാല്‍ അവർക്കും കേരളത്തിനും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐഎം തെറ്റ് തിരുത്താൻ തയ്യാറാകുന്ന പാർട്ടി ആയിരുന്നുവെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Previous Post Next Post