കണ്ണൂർ: പയ്യാമ്പലം ശ്മശാനം നവീകരണത്തിന് തുടക്കം കുറിച്ച് കണ്ണൂർ കോർപറേഷൻ. മേയർ അഡ്വ.പി ഇന്ദിരയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ശ്മശാന നവീകരണവും സൗന്ദര്യവല്‍ക്കരണത്തിന്റെയും ആദ്യപടിയായി മേയറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും അയല്‍ സംസ്ഥാനത്തെ വിവിധ ശ്മശാനങ്ങളിലെത്തി പ്രവർത്തനം നേരില്‍ കണ്ട് വിലയിരുത്തി.
പരിസ്ഥിതിക്കിണങ്ങിയതും ആചാര അനുഷ്ഠാനങ്ങള്‍ക്കും പ്രദേശവാസികളുടെ അഭിപ്രായത്തിന് മുൻഗണന നല്‍കുന്നതുമായ നവീകരണ പദ്ധതികളെക്കുറിച്ചാണ് നിലവില്‍ മുൻഗണന നല്‍കുന്നത്. നിലവില്‍ 5 കോടി രൂപ ചിലവഴിച്ച് നടത്തുന്ന നവീകരണ പദ്ധതിയുടെ ഡിറ്റെയില്‍ഡ് പ്രൊജക്റ്റ് റിപോർട്ട് (ഡിപിആർ) ഇതിനകം തയ്യാറായിട്ടുണ്ട്.
തമിഴ്നാട് കൊയമ്പത്തൂരില്‍ ഉള്‍പ്പെടെ സന്ദർശനം നടത്തിയ സംഘത്തിന്റെ നിർദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാവും പദ്ധതിക്ക് അന്തിമ രൂപം നല്‍കുക.
ഇതോടൊപ്പം കോർപറേഷൻ പരിധിയിലുള്ള ചേലോറ, എടക്കാട് എന്നിവിടങ്ങളിലെ ശ്മശാനങ്ങളും നവീകരിക്കും.
പയ്യാമ്പലത്തെ പരമ്പരാഗത രീതിയിലുള്ള ശ്മശാനത്തിന്റെ പ്രവർത്തനത്തില്‍ കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ വാതക, വൈദ്യുതി ശ്മശാനങ്ങള്‍ എന്നിവയും പരിഗണനയിലുണ്ട്.
ഇതുള്‍പ്പെടെ നവീകരണ പ്രവർത്തിക ള്‍ എത്രയും വേഗത്തില്‍ തുടക്കം കുറിക്കാനുള്ള നടപടികളിലാണ് കോർപറേഷൻ.
മേയർക്കു പുറമേ സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, അഡ്വ.ലിഷ ദീപക്, വി കെ മുഹമ്മദലി, അഡ്വ. സോന ജയറാം, കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ക്ലീൻസിറ്റി മാനേജർ ഷൈൻ പി ജോസ് എന്നിവരും അയല്‍ സംസ്ഥാനങ്ങളിലെ ശ്മശാനങ്ങളുടെ പ്രവർത്തനം വിലയിരുത്താനെത്തിയ സംഘത്തിലുണ്ടായിരുന്നു.
