കൂടാളി: കൂടാളി പഞ്ചായത്തിലെ കൊളപ്പ മയ്യിൽ റോഡരികിൽ വിവാഹ സൽക്കാര പരിപാടികളുടെ മാലിന്യങ്ങൾ തള്ളിയതിന് തലശ്ശേരി കതിരൂരിലെ ഇക്കോഫ് ഇവന്റ് മാനേജ്മെന്റ് ടീമിനും വടക്കുമ്പാട് ഷഹറാസ് കാറ്ററിങ് ഏജൻസിക്കും ഇരുപതിനായിരം രൂപ വീതം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.
ഭക്ഷണ അവശിഷ്ടങ്ങൾ, കുടിവെള്ളക്കുപ്പികൾ, മേശവിരികൾ, പച്ചക്കറി അവശിഷ്ടങ്ങൾ, ഉപയോഗിച്ച അലങ്കാര വസ്തുക്കൾ എന്നിവ ഒരു ഡസനോളം നിരോധിത ഗാർബേജ് ബാഗുകളിലാക്കി കൊളപ്പ മയ്യിൽ റോഡരികിലും തൊട്ടടുത്ത സ്വകാര്യഭൂമിയിലുമായി വലിച്ചെറിഞ്ഞ നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്.
പഞ്ചായത്തി രാജ് ആക്ട് 219 (എസി) പ്രകാരം മാലിന്യങ്ങൾ തരംതിരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറാത്തതിന് പതിനായിരം രൂപ വീതവും, സെക്ഷൻ 219 (എൻ) പ്രകാരം മാലിന്യങ്ങൾ പൊതുസ്ഥലത്തും സ്വകാര്യ ഭൂമിയിലുമായി വലിച്ചെറിഞ്ഞതിന് പതിനായിരം രൂപ വീതവുമാണ് പിഴ ഈടാക്കിയത്. ഇങ്ങനെ ആകെ ഇരുപതിനായിരം രൂപ വീതം രണ്ട് സ്ഥാപനങ്ങളിൽ നിന്നുമായി നാൽപ്പതിനായിരം രൂപ പിഴചുമത്തുകയായിരുന്നു. കൂടാതെ തൽസമയം തന്നെ സ്വന്തം ചെലവിൽ ഈ സ്ഥാപനങ്ങളെക്കൊണ്ട് മാലിന്യം പൂർണ്ണമായി നീക്കം ചെയ്യിക്കുകയും ചെയ്തു.
മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് അംഗീകൃത ഏജൻസികൾക്ക് നൽകാത്ത ഇവന്റ് മാനേജ്മെന്റ് ടീമുകൾക്കും കാറ്ററിങ് ടീമുകൾക്കും എതിരെ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. പരിശോധനയിൽ സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർമാരായ കെ ആർ അജയകുമാർ, പി എസ് പ്രവീൺ, ശ്രീഹരി, കൂടാളി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സഫ്രീന എന്നിവർ പങ്കെടുത്തു.
