Zygo-Ad

കണ്ണൂരില്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ രക്ഷപ്പെട്ടു; പത്തു പേര്‍ക്കെതിരേ കേസ്


കണ്ണൂർ: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സി.പി.എം. പ്രവർത്തകരായ പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ ദുരൂഹത.

പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമല്‍, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ പ്രതികളുടെ സുഹൃത്തുക്കളായ എട്ടു പേർക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു. ഓടിപ്പോയ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.

അഴീക്കോട് മൂന്നുനിരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ പരിക്കേറ്റാണ് രണ്ടു പേരും കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായത്. ഈ സംഭവത്തില്‍ ബി.ജെ.പി. പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.

ചികിത്സയിലായതു കൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകള്‍ ആശുപത്രിയിലെത്തി.

മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കള്‍ തടയുകയും ദേഹോപദ്രവം ഏല്‍പ്പിച്ച്‌ രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ സുഹൃത്തുകള്‍ തന്ത്രപൂർവം പ്രതികളെ കടത്തിക്കൊണ്ടു പോയതായും ആരോപണമുണ്ട്. അനുമതിയില്ലാതെ ഇറങ്ങിപ്പോയതിന് ആശുപത്രി അധികൃതരും പരാതി നല്‍കിയിട്ടുണ്ട്.

Previous Post Next Post