Zygo-Ad

പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്; ശിക്ഷിക്കപ്പെട്ട സിപിഎം വികെ നിഷാദിന് 6 മാസത്തിനിടെ മൂന്നാമതും പരോള്‍


പയ്യന്നൂർ: പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍.

ആറ് മാസത്തിനിടെ മൂന്നാമതും വി കെ നിഷാദ് സെൻട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഹൈക്കോടതിയാണ് നിഷാദിന് അഞ്ച് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.

 ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്കാണ് പരോള്‍ തേടിയത്. പൊലീസിനെ ബോംബ് എറിഞ്ഞ കേസില്‍ 20 വർഷം തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തില്‍ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. 

ജയിലില്‍ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് ആണ് പരോളില്‍ ജാമ്യത്തിലിറങ്ങിയത്.

കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച്‌ വെറും ഒരു മാസത്തിനിപ്പുറം പരോള്‍ ലഭിച്ചതും വിവാദമായിരുന്നു. പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോള്‍ നേടിയത്. 

സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നായിരുന്നു ജയില്‍ വകുപ്പിന്‍റെ വിശദീകരണം. കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച്‌ സി പി എം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതും വിവാദമായിരുന്നു.

Previous Post Next Post