നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലെടുത്തു. സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെ പിടികൂടിയത്. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് അർജുൻ ആയങ്കിക്കൊപ്പം സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരിൽ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെത്തുടർന്ന് സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് സിപിഎം അനുകൂല സോഷ്യൽ മീഡിയ പോസ്റ്റുകളെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും ഇയാൾ തിരിഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. വിദേശത്തും കേരളത്തിലുടനീളവും ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കായി ഇയാൾക്ക് വലിയ ശൃംഖലയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
