കണ്ണൂര്‍: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂരില്‍ പട്ടുവം സ്വദേശി നാരായണിയാണ് മരിച്ചത്. നാരായണിക്ക് വീട്ടുവളപ്പില്‍ നിന്ന് ആണ് പാമ്പിന്റെ കടിയേറ്റത്.
ഏപ്രില്‍ 24നാണ് സംഭവം. ശംഖുവരയനാണ് കടിച്ചതെന്നാണ് പറയുന്നത്. വിഷം നാഡീവ്യൂഹത്തെ ബാധിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരിക്കെയാണ് മരണം.
കഴിഞ്ഞയാഴ്ചയാണ് പട്ടുവം മുതുകട സ്വദേശിയായ നബീസ (70) പാമ്പുകടിയേറ്റ് മരിച്ചത്.
അതേ സമയം, തൃശൂരില്‍ ജനവാസ മേഖലയിലെ വീടിനുള്ളില്‍ കയറിയ അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ വനംവകുപ്പ് പിടികൂടി.
തൃശൂരില്‍ മതിലകം കൂളിമുട്ടത്താണ് വീടിനകത്ത് പാമ്പ് കയറിയത്. കാട്ടുപറമ്പില്‍ സിദ്ധിഖിന്റെ വീടിന്റെ അടുക്കളയിലാണ് ഇന്നലെ രാത്രിയോടെ ഭീമന്‍ മൂര്‍ഖനെ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ചാലക്കുടി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ആര്‍.ആര്‍.ടി അംഗം അന്‍സാരി സ്ഥലത്തെത്തി.
ഏകദേശം അഞ്ചടിയോളം നീളമുള്ള പുല്ലാനി മൂര്‍ഖനെ സുരക്ഷിതമായി പിടികൂടി. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. വേനല്‍ക്കാലം കടുക്കുന്നതോടെ പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണ്. വീട്ടുപരിസരങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
