Zygo-Ad

കൊടും ചൂടിൽ പഴശ്ശി പദ്ധതി പ്രദേശത്ത് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു; മത്സ്യ കർഷകർ കടുത്ത പ്രതിസന്ധിയിൽ

 


കണ്ണൂർ: അതിരൂക്ഷമായ വേനലിൽ പഴശ്ശി പദ്ധതി പ്രദേശത്ത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. എടക്കാനം, വള്ള്യാട് മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിലുള്ള മത്സ്യകൃഷിയാണ് കടുത്ത വെല്ലുവിളി നേരിടുന്നത്. ഫിഷറീസ് വകുപ്പിന്റെയും മത്സ്യ കർഷക വികസന ഏജൻസിയുടെയും സഹായത്തോടെ നടപ്പിലാക്കിയ പദ്ധതികളിലാണ് വൻ നഷ്ടം സംഭവിച്ചിരിക്കുന്നത്.

പഴശ്ശി പദ്ധതിയിലെ ജലനിരപ്പിൽ ഉണ്ടാകുന്ന ക്രമാതീതമായ കുറവാണ് പ്രധാന പ്രതിസന്ധിയായി മാറിയത്. ദിനംപ്രതി മൂന്നു മുതൽ അഞ്ചു സെന്റീമീറ്റർ വരെ ജലനിരപ്പ് താഴുന്നത് മത്സ്യം വളർത്തുന്ന തടാകങ്ങളെയും കുളങ്ങളെയും ബാധിച്ചു. ഇതിനു പുറമെ, ശക്തമായ വെയിലേറ്റ് ജലത്തിന്റെ താപനില ഉയർന്നതോടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു തുടങ്ങിയത്.

വള്ളിയാട് ചെറുവോട് യുവധാര സ്വയം സഹായ സംഘം നിക്ഷേപിച്ച അറുപതിനായിരം മത്സ്യക്കുഞ്ഞുങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ദിവസങ്ങൾക്കുള്ളിൽ ചത്തുപൊങ്ങി. വിൽപ്പനയ്ക്ക് തയ്യാറായ, ഒരു കിലോയോളം തൂക്കമുള്ള മത്സ്യങ്ങൾ വരെ ചത്തവയിൽ ഉൾപ്പെടുന്നു. പല കർഷകർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ, ശേഷിക്കുന്ന മത്സ്യങ്ങളെ സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ അടിയന്തരമായി നടത്തേണ്ടതുണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

 

Previous Post Next Post