Zygo-Ad

നിതിൻ രാജ് ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തു; മരണത്തില്‍ സാമ്പത്തിക പ്രശ്നവുമുണ്ടോയെന്ന് സംശയിച്ച്‌ പൊലീസ്


കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ സാമ്പത്തിക പ്രശ്നം മരണ കാരണമായിട്ടുണ്ടെന്നു പോലീസ് പറയുന്നു .നിതിൻ രാജ് ലോണ്‍ ആപ്പില്‍ നിന്നു കടം എടുത്തിരുന്നു.

ഇക്കാര്യം അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.

നിതിൻ രാജിൻ്റെ കോണ്‍ടാക്ടിലുള്ള രണ്ടു പേരുടെ നമ്പർ ലോണ്‍ ആപ്പ് കമ്പനി കൈവശപ്പെടുത്തി. കോളജിലെ അധ്യാപികയുടെയും മറ്റൊരു വിദ്യാർഥിയുടെയും ഫോണ്‍ നമ്പറാണ് ഇവർ കൈവശപ്പെടുത്തിയത്.

ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ അടയ്ക്കാൻ അധ്യാപികക്ക് നിരന്തരം ശല്യമായി കോള്‍ വന്നു. ഇതില്‍ പൊലീസില്‍ പരാതി ഉണ്ടായിരുന്നു. വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും എസ്‌ഐടി വിശദമായി അന്വേഷിക്കുമെന്നും സിറ്റി പൊലിസ് കമ്മീഷണർ പി നിഥിൻ രാജ് അറിയിച്ചു.

അതിനിടെ സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകർക്കെതിരെ കേസെടുത്തു. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം, അസോ. പ്രൊഫസർ ഡോ. സംഗീത എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ്‍സി എസ്ടി അതിക്രമ നിരോധന വകുപ്പും ഇവർക്കെതിരെ എടുത്തിട്ടുണ്ട്.

കേസ് പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിഥിൻ രാജിൻ്റെ നിർദ്ദേശപ്രകാരമാണ് കണ്ണൂർ എസിപി ആർ ഹരിപ്രസാദിൻ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. 

ചക്കരക്കല്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെഎ ഫക്രുദ്ദീൻ, എസ് ഐ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ, സിവില്‍ പൊലീസ് ഓഫീസർ, കണ്ണൂർ സിറ്റി സൈബർ സെല്‍ എന്നിവരുള്‍പ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

 ദന്തല്‍ കോളജില്‍ അധ്യാപകരില്‍ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. 

നേരത്തെ ആരോപണ വിധേയരായ അധ്യാപകരെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര അന്വേഷണത്തിനായി കോളജില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു.

 നിതിൻ രാജിന്റെ മരണത്തില്‍ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. അധ്യാപകർക്കോ സഹപാഠികള്‍ക്കോ എതിരെ നിധിൻ മുൻപ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

അതിനിടെ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്ത് വന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാല്‍ അധ്യാപകർ കൈയും കാലും വെട്ടും എന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തു വന്നത്.

Previous Post Next Post