മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്രോത്സവത്തിനിടെ വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിൽ കർണാടക സ്വദേശികളായ രണ്ട് സ്ത്രീകൾ പിടിയിൽ. ഗുൽബർഗ സ്വദേശികളെയാണ് നാട്ടുകാർ പിടികൂടി പെരിങ്ങോം പൊലീസിൽ ഏൽപ്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഉത്സവത്തിനിടെയായിരുന്നു സംഭവം. മാതമംഗലം പറവൂർ സ്വദേശി പി വി രോഹിണിയുടെ അഞ്ചരപ്പവൻ സ്വർണ്ണമാലയാണ് നാലംഗ സംഘം ചേർന്ന് കവർന്നത്.
തെയ്യം തൊഴാൻ വരിയിൽ നിൽക്കുമ്പോഴായിരുന്നു മോഷണം. മാല നഷ്ടപ്പെട്ടതിനെ തുടർന്ന് രോഹിണി ബഹളം വെച്ച് പിന്നാലെ ഓടിയതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പിടിയിലായവരിൽ നിന്ന് മാല കണ്ടെത്താനായില്ലെന്നും രക്ഷപ്പെട്ടവരുടെ പക്കലാണ് മാലയെന്നുമാണ് പൊലീസിന്റെ നിഗമനം. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
