Zygo-Ad

തളിപ്പറമ്പിൽ കോൺഗ്രസ് പിളർപ്പിലേക്ക്: വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

 


തളിപ്പറമ്പ്: തളിപ്പറമ്പ് പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനൻ. പാർട്ടിയെയും പ്രവർത്തകരെയും നേതാക്കൾ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎമ്മിൽ നിന്നും കൂറുമാറി വന്ന ടി.കെ. ഗോവിന്ദന് സീറ്റ് നൽകിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാർട്ടിക്ക് വേണ്ടി കാലങ്ങളായി പണിയെടുത്തവരെ അവഗണിച്ച് പുറത്തുനിന്നുവന്നവർക്ക് മുൻഗണന നൽകുന്നത് പ്രവർത്തകരുടെ വികാരം മാനിക്കാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

"യഥാർത്ഥ കോൺഗ്രസുകാരനായ ഒരേയൊരു സ്ഥാനാർത്ഥി ഞാനാണ്. അന്നും ഇന്നും എന്നും ഞാൻ കോൺഗ്രസുകാരനായി തന്നെ തുടരും. എന്നാൽ ടി.കെ. ഗോവിന്ദന് കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യില്ല," ജനാർദ്ദനൻ വ്യക്തമാക്കി.

അതേസമയം, അനുനയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചിട്ടും പിന്മാറാൻ ജനാർദ്ദനൻ തയ്യാറായില്ല. ഇതോടെ ഡിസിസി, കെപിസിസി നേതൃത്വങ്ങളുടെ തീരുമാനപ്രകാരം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

 

Previous Post Next Post