കണ്ണൂർ: മാങ്ങാട്ടുപറമ്പിലെ കെല്‍ട്രോണ്‍ കംപോണന്റ് കോപ്ലക്സ് ലിമിറ്റഡില്‍ നിന്ന് (കെസിസിഎല്‍) 2017ല്‍ വിരമിച്ച ജീവനക്കാർക്ക് 30 ശതമാനം അരിയേഴ്സ് ഗഡുക്കള്‍ ആയി ലഭിക്കാൻ 2026ലും കാത്തിരിക്കേണ്ട സ്ഥിതിയാണെന്ന് കെല്‍ട്രോണ്‍ റിട്ടയറീസ് ഫോറം.
ശമ്പളം, കുടിശിക ഇനങ്ങളില്‍ സംസ്ഥാന സർക്കാർ യാതൊരു സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കുന്നില്ലെന്നും ഫോറം ഭാരവാഹി കളായ എം.പി. നാരായണൻ നന്പ്യാരും ടി.കെ. കൃഷ്ണകുമാറും പത്ര സമ്മേളനത്തില്‍ ആരോപിച്ചു.
2022ലെ സുപ്രീംകോടതി വിധി പ്രകാരം മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഇപിഎഫ് വിഹിതമടച്ചില്ലെങ്കില്‍ പെൻഷൻ ലഭിക്കുന്നതിനും തടസം നേരിട്ടേക്കാം എന്ന ആശങ്കയും നിലനില്ക്കുന്നു.
കെല്‍ട്രോണ്‍ കംപോണന്റ് കോപ്ലക്സ് കമ്പനി സ്ഥാപിതമായ ശേഷവും 12 വർഷക്കാലം ശമ്പള വർധനവും മറ്റ് ആനൂകൂല്യങ്ങളും ഇല്ലാതെ സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ജീവനക്കാരോടാണ് ഈ അവഗണന.
ജോലി ചെയ്ത കാലയളവിലെ ശമ്പള കുടിശികയ്ക്കും, കുടിശികയ്ക്ക് ആനുപാതികമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കാത്തതിനാലും കോടതി കയറി ഇറങ്ങേണ്ട ഗതികേടിലാണ് കെല്‍ട്രോണ്‍ ജീവനക്കാരെന്നും നേതാക്കള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ കെ.വി. പവിത്രൻ, എം. ജാനകി, കെ. സുന്ദരൻ എന്നിവരും കൊടുത്തു.
