കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചുപൂട്ടിയതിനെതിരെ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കണ്ണൂർ നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി ധർണ ഉദ്ഘാടനം ചെയ്തു.
കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ച ആധുനിക പാർക്കിങ് സമുച്ചയം നഗരവാസികൾക്ക് പ്രയോജനപ്പെടുത്താതെ അടച്ചിടുന്നത് കോർപറേഷൻ ഭരണസമിതിയുടെ പരാജയമാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നഗരത്തിൽ പാർക്കിങ് സൗകര്യമില്ലാതെ ജനങ്ങൾ വലയുമ്പോൾ, ഇത്തരം പദ്ധതികൾ നോക്കുകുത്തിയാക്കുന്നത് ജനദ്രോഹപരമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ യു. ബാബു ഗോപിനാഥ് സ്വാഗതം പറഞ്ഞു. പി.കെ ശബരീഷ്, വി.കെ പ്രകാശിനി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.
/
