Zygo-Ad

സ്കൂട്ടർ മോഷണം: കുപ്രസിദ്ധ വാഹന മോഷ്ടാവ് കണ്ണൂരിൽ പിടിയിൽ

 


കണ്ണൂർ: മോഷ്ടിച്ച സ്കൂട്ടറുമായി നഗരത്തിൽ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന മോഷ്ടാവിനെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടി. കാസർകോട് വിദ്യാനഗറിൽ താമസിക്കുന്ന കോട്ടയം സ്വദേശി ഇൻസമാം ഉൾ ഹഖ് (29) ആണ് പാറക്കണ്ടിയിൽ വെച്ച് നടന്ന വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും എടക്കാട് സ്വദേശിനിയുടെ സ്കൂട്ടർ ഇയാൾ മോഷ്ടിച്ചിരുന്നു. പരിശോധന വേളയിൽ രേഖകൾ ആവശ്യപ്പെട്ടപ്പോൾ പ്രതി പരിഭ്രമിച്ച് പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെയാണ് പോലീസിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ വാഹനം മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.

വാഹനങ്ങൾ മോഷ്ടിച്ച ശേഷം കുറച്ചുകാലം അതിൽ തന്നെ യാത്ര ചെയ്യുകയും പിന്നീട് വിൽക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. നിലവിൽ കോട്ടയം, കോഴിക്കോട് ജില്ലകളിലായി ഇയാൾക്കെതിരെ നാലോളം കേസുകളുണ്ട്. കണ്ണൂർ ടൗൺ എസ്.ഐ ബി. ജിഷ്ണു, എ.എസ്.ഐ പ്രമോദ്, സി.പി.ഒമാരായ വിനിൽ മോൻ, സമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




Previous Post Next Post