കണ്ണൂർ: അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിനെത്തുടർന്ന് കെ.പി. രമണിയെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രാഥമിക അംഗത്വത്തിൽ നിന്നും ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗത്വത്തിൽ നിന്നും പുറത്താക്കി. തളിപ്പറമ്പിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ഭർത്താവ് ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിലും റോഡ് ഷോയിലും പങ്കെടുത്തതിനാണ് ഈ കർശന നടപടി.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ടി.കെ. ഗോവിന്ദൻ നേരത്തെ പാർട്ടി വിട്ടത്. തുടർന്ന് ഗോവിന്ദനെ സി.പി.എം നേരത്തെ തന്നെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവിന് പരസ്യ പിന്തുണയുമായി എത്തിയ കെ.പി. രമണിക്കെതിരെയും പാർട്ടി നടപടി സ്വീകരിച്ചത്. പാർട്ടിയുടെ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പുറത്താക്കൽ.
